Thursday, 12 December 2013

കടലുകള്‍ക്കപ്പുറം



കടലുകള്‍ക്കപ്പുറം
ലോകമുണ്ടെന്ന്‌
ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌
എനിക്കറിയാം
നീ കടലാണെന്ന്‌.
നിനക്കുമപ്പുറം
ഞാന്‍ പോകണമെന്നോ ?
നിന്നിലെത്താന്‍ പോലും
എന്റെ ചിറകുകള്‍ക്ക്‌ കരുത്തില്ല.
ഞാനിവിടെ പിടഞ്ഞുമരിക്കുമ്പോള്‍
നിന്റെ തിരമാലക്കൈകള്‍കൊണ്ട്‌
എന്നെ തഴുകുമോ...?


28-06-2000

Friday, 6 December 2013

ഗര്഼ഭപാത്രം വില്഼പനയ്ക്ക്


ഒറ്റുകാരനും സ്നേഹത്തില്഼ മുക്കി ഒരപ്പക്കഷണം


മാര്഼ച്ചുമാസം നിനക്കുവേണ്ടി


നീ കാത്തിരുന്നു...എന്നിട്ടും...



വസന്തം മരിച്ചിട്ടും 
ദലമര്‍മ്മരങ്ങള്‍ക്കും
പൂമണങ്ങള്‍ക്കും വേണ്ടി
നീ കാത്തിരുന്നു.
കിളികള്‍ വിരുന്നു വരുമെന്നും
ഹൃദയം പാടുമെന്നും
നീ ദൃഢമായി പറഞ്ഞു.


ഒടുവില്‍,
ആകാശമറിയാതെ
ഭൂമിയറിയാതെ
നീ കടന്നുപോയി
അപ്പോഴേക്കും വസന്തം
വീണ്ടും വിരുന്നു വന്നിരുന്നു.


ഇന്ന്‌,
ഞാനും നീ കൊതിച്ച
വസന്തവും മാത്രം.
ഈ വസന്തത്തില്‍
നീയൊരു
ദേവതയായിരുന്നെങ്കില്‍...!

28-06-2000

ഒരു ജന്മദിനക്കുറിപ്പ്‌


പ്രിയ സഖീ,
ഇന്ന്‌ നിന്റെ ജന്മദിനം.


ഒരു മഹാമൗനത്തില്‍
നീ ശബ്‌ദമായിപ്പിറന്ന ദിനം.
എന്റ ജീവിത മൗനത്തില്‍
നീ ഒരിക്കല്‍ സംഗീതമായിപ്പിറന്നു.


ഇന്ന്‌,
നിന്റെ കണ്ണുകള്‍ക്ക്‌ കണിമലരായി
എന്റെ ഹൃദയപുഷ്‌പം.
കാതുകള്‍ക്ക്‌
എന്റെ നിശ്വാസഗീതങ്ങള്‍.


ഇനിയൊരു ജന്മദിനം
ഒരു മഹാമൗനമായിത്തീരുമെങ്കില്‍
ഇനിയൊരു സംഗീതമൊഴുകിയില്ലെങ്കില്‍
അന്നത്തെ നിശ്ശബ്‌ദതയോളമെത്താന്‍
ഇന്നത്തെ ഈ പാട്ടുകള്‍ക്കാവട്ടെ.
അന്നത്തെ വസന്തത്തിനായി
വാടാതെ നില്‍ക്കാന്‍
ഈ പൂക്കള്‍ക്കാവട്ടെ.


സ്‌നേഹപൂര്‍വ്വം,
നിന്റെ പ്രിയ കൂട്ടുകാരന്‍. 


23-02-2001

Thursday, 5 December 2013

നീ വരുന്നതെപ്പോള്



പൂവുകളെക്കുറിച്ച്‌
ഞാന്‍ പാടാം.
മഴവില്ലിനെ
എന്റെ സ്വപ്‌നങ്ങളിലേക്ക്‌
ചാലിച്ചൊഴുക്കാം.
കടലിനെ ഞാന്‍
കവിതയായ്‌ കുറിക്കാം
എന്റെ പാട്ടുകേള്‍ക്കാന്‍
സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍
കവിതയിലലിഞ്ഞു ചേരാന്‍
നീ വരുന്നതെപ്പോള്‍ ?

10-08-2001

ആത്മാവിന്റെ യാത്ര

















നിലവിളികള്‍ക്കുവേണ്ടി മരിച്ച
മൗനത്തില്‍ നിന്നും
ആത്മാവു യാത്രയാകുന്നു
വീണ്ടും മൗനം ജനിക്കുന്നു.


മേഘങ്ങള്‍ക്കപ്പുറത്തേക്ക്‌
സ്വപ്‌നങ്ങള്‍ പാറിനടക്കുന്ന
സൗരയൂഥങ്ങള്‍ക്കപ്പുറത്തേക്ക്‌
ആത്മാവു യാത്രയാകുന്നു.


ഇനിയും ശുദ്ധിചെയ്യപ്പെടാത്ത തറയില്‍
കണ്ണീര്‍ക്കറയും
വാടിയ പൂക്കളും
എരിഞ്ഞൊടുങ്ങിയ
ചന്ദനത്തിരിയുടെ ചാരവും
പ്രാര്‍ത്ഥിച്ചു മരിച്ച
മെഴുതിരിത്തുണ്ടുകളും മാത്രം.


ആത്മാവ്‌
ഇപ്പോഴും യാത്രയിലാണ്‌.


02-08-2001

Tuesday, 3 December 2013

വീട്


ഗ്രീഷ്‌മവെയിലിന്റെ
തിളയ്‌ക്കുന്ന ലായനിയിലേക്ക്‌
ഉമ്മറത്തു നിന്നും പറിച്ചെറിയപ്പെട്ട
അച്ഛന്റെ കണ്ണുകള്‍.


വിരുന്നു കാത്ത്‌ വിശന്നു കിടക്കുന്ന
പാത്രങ്ങളില്‍ നിന്ന്‌ വികര്‍ഷിക്കപ്പെട്ട,
കരിയും മെഴുക്കും പുരളാത്ത
അമ്മയുടെ കൈകള്‍.


ചാര്‍ത്തിലെ ഭിത്തിയില്‍ തൂങ്ങിയ
കുപ്പായത്തില്‍ നിന്നിറങ്ങി
നാല്‌ക്കവലയിലെ സ്‌മാരകശിലയില്‍
പ്ലാസ്റ്റിക്‌ പൂക്കളെയും പ്രണയിച്ച്‌
അവ്യക്താക്ഷരങ്ങളിലുറങ്ങുന്ന
അനുജന്റെ ആത്മാവ്‌.


പൊട്ടിയ മുഖക്കണ്ണാടിക്കു
പകുത്തു നല്‌കാന്‍
നിറമില്ലാത്ത സ്വപ്‌നങ്ങളുമായ്‌
അനുജത്തിയുടെ ഹൃത്തടം.


മഴച്ചാറൊലിച്ചിറങ്ങി
നിറം മങ്ങിയ ഭിത്തിയില്‍
കുരിശായി രൂപാന്തരപ്പെട്ടിട്ടും
വാടിക്കരിയാതെ
ഓശാന പാടുന്ന കുരുത്തോല...!




27-07-2001                                                       

വിലക്കയറ്റം



സിനിമ കാണുമ്പോള്‍ കൊറിക്കാന്‍
നിനക്കെന്റെ കരളു വറുത്തു തരാം.
കടലയ്‌ക്കിപ്പോള്‍ തീപിടിച്ച വിലയാണ്‌.

തീര്‍ത്ഥയാത്രയ്‌ക്കും വിനോദയാത്രയ്‌ക്കും
വിവാഹത്തിനും മരിച്ചടക്കിനും പോകാന്‍
നിന്റെ വാഹനത്തില്‍ 
ഇന്ധനമായ്‌ നിറയ്‌ക്കാന്‍
എന്റെ രക്തമൂറ്റിത്തരാം. 
പെട്രോളിന്റെ വില ഓരോ ദിവസവും
പൊട്ടിത്തെറിക്കുകയാണ്‌.

നാട്ടുപൂക്കള്‍ വിടരാന്‍ മടിക്കുമ്പോള്‍
എന്റെ തലച്ചോറില്‍
പലതരം ചായങ്ങള്‍ ചേര്‍ത്ത്‌
പൂക്കളമൊരുക്കാം.
മറുനാടന്‍ പൂക്കള്‍ക്ക്‌
പൊന്നിനേക്കാള്‍ വിലയാണ്‌.

ഏതകലത്തുനിന്നും ഏതുകാലത്തും 
നിന്റെ സ്‌പന്ദനങ്ങളറിയാന്‍
എന്റെ ഹൃദയം പകുത്തു തരാം.
ബന്ധങ്ങള്‍ക്കിപ്പോള്‍
സെക്കന്റിന്‌ ഒരു പൈസ വിലയാണ്‌.

നൂറ്റാണ്ടുകള്‍ക്കൊടുവില്‍
കുഞ്ഞുങ്ങള്‍ ചരിത്രം പഠിക്കുമ്പോള്‍
കാലങ്ങളായി വിലക്കയറ്റമില്ലാത്തവയില്‍
എന്റെയും നിന്റെയും
പേരുകള്‍ വായിക്കും...!


                                    24---/05/-2011     

കല്ല്


ജാലകക്കാഴ്ച


വസന്തം


യാത്ര


ചിത