Tuesday, 3 December 2013

വീട്


ഗ്രീഷ്‌മവെയിലിന്റെ
തിളയ്‌ക്കുന്ന ലായനിയിലേക്ക്‌
ഉമ്മറത്തു നിന്നും പറിച്ചെറിയപ്പെട്ട
അച്ഛന്റെ കണ്ണുകള്‍.


വിരുന്നു കാത്ത്‌ വിശന്നു കിടക്കുന്ന
പാത്രങ്ങളില്‍ നിന്ന്‌ വികര്‍ഷിക്കപ്പെട്ട,
കരിയും മെഴുക്കും പുരളാത്ത
അമ്മയുടെ കൈകള്‍.


ചാര്‍ത്തിലെ ഭിത്തിയില്‍ തൂങ്ങിയ
കുപ്പായത്തില്‍ നിന്നിറങ്ങി
നാല്‌ക്കവലയിലെ സ്‌മാരകശിലയില്‍
പ്ലാസ്റ്റിക്‌ പൂക്കളെയും പ്രണയിച്ച്‌
അവ്യക്താക്ഷരങ്ങളിലുറങ്ങുന്ന
അനുജന്റെ ആത്മാവ്‌.


പൊട്ടിയ മുഖക്കണ്ണാടിക്കു
പകുത്തു നല്‌കാന്‍
നിറമില്ലാത്ത സ്വപ്‌നങ്ങളുമായ്‌
അനുജത്തിയുടെ ഹൃത്തടം.


മഴച്ചാറൊലിച്ചിറങ്ങി
നിറം മങ്ങിയ ഭിത്തിയില്‍
കുരിശായി രൂപാന്തരപ്പെട്ടിട്ടും
വാടിക്കരിയാതെ
ഓശാന പാടുന്ന കുരുത്തോല...!




27-07-2001                                                       

No comments:

Post a Comment